വടശ്ശേരിക്കര: കാടും നദിക്കരയും വാസസ്ഥലമാക്കി നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയത്തും പരിസരപ്രദേശങ്ങളിലും അനാഥനായി ജീവിച്ച ശങ്കു വെള്ളിയാഴ്ച രാത്രി അടിച്ചിപ്പുഴയിലെ ബന്ധുവീട്ടിൽ നിര്യാതനായി. പ്രായമെത്രയായി എന്ന് പല തലമുറകൾ ആശ്ചര്യപ്പെട്ട ശങ്കു സമീപകാലം വരെ മഹാമാരിക്കൊന്നും പിടികൊടുക്കാതെ അരോഗദൃഢഗാത്രനായാണ് ജീവിച്ചിരുന്നത്. ഇടുക്കി ഡാം നിർമാണകാലത്ത് അവിടെനിന്ന് റാന്നി അടിച്ചിപ്പുഴയിലെ സെറ്റിൽമെൻറ് കോളനിയിൽ വന്ന മലവേട വിഭാഗത്തിൽപെട്ട ആദിവാസികളിൽ ഒരാളായാണ് ശങ്കുവും അത്തിക്കയത്ത് എത്തുന്നതെന്ന് പഴമക്കാർ പറയുന്നു. അന്നുമുതൽ അത്തിക്കയം അറക്കമൺ, തോണിക്കടവ്, ഉന്നത്താനി പ്രദേശങ്ങൾക്ക് പുറത്തേക്ക് ശങ്കു പോയിട്ടേയില്ല. പമ്പാനദിയുടെ തീരത്തും കുടമുരുട്ടി വനത്തിലും കാട്ടുപുല്ലും കാട്ടുകമ്പും ഉപയോഗിച്ച് കുടിൽ കെട്ടിയായിരുന്നു താമസം. അപൂർവമായി മാത്രം കടത്തിണ്ണകളിലും അന്തിയുറങ്ങാറുണ്ടായിരുന്നു. വേനൽക്കാലമെത്തിയാൽ പമ്പാനദിയുടെ തീരത്തെ വൻ പാറ അള്ളുകളും വാസസ്ഥലമാക്കും. കാട്ടിൽനിന്ന് ശേഖരിക്കുന്ന കാട്ടുചുള്ളികളും ഒടിഞ്ഞുവീണ കാട്ടുകമ്പുകളുമൊക്കെ ചായക്കടകളിലും വീടുകളിലുമെത്തിച്ചു പ്രതിഫലമായി ആഹാരം വാങ്ങിക്കഴിച്ചാണ് ജീവിച്ചത്.
കുടമുരുട്ടി വനത്തിെൻറ ഉൾഭാഗത്ത് വാഴയും കപ്പയും ചേമ്പുമൊക്കെ കൃഷി ചെയ്യുന്ന ശീലമുണ്ടായിരുന്നെങ്കിലും വിളവെടുക്കാനൊന്നും ശ്രമിക്കാറില്ല. മൂന്നിലധികം തലമുറകൾക്ക് പരിചിതനായ ശങ്കു കാടുകൊണ്ടാണ് കഴിഞ്ഞിരുന്നതെങ്കിലും ആയുധമുപയോഗിച്ച് കാട്ടിൽനിന്ന് ഒരിലപോലും വെട്ടിയിരുന്നില്ലെന്ന് പഴമക്കാർ പറയുന്നു. ഏതാനും ദിവസംമുമ്പ് തോണിക്കടവിൽ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് ശങ്കുവിനെ വാർഡ് അംഗം സോണിയ മനോജിെൻറ നേതൃത്വത്തിൽ അടിച്ചിപ്പുഴയിെല അകന്ന ബന്ധുവിെൻറ വീട്ടിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ അടിച്ചിപ്പുഴയിലെ ബന്ധുവിെൻറ വീട്ടുവളപ്പിൽ സംസ്കരിച്ചു.