ഗുരുവായൂര്‍: വീട്ടിക്കിഴി കേശവന് നായര്‍ (88) നിര്യാതനായി. അര നൂറ്റാണ്ട് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രം അഗ്നിക്കിരയായപ്പോള്‍ ശ്രീകോവിലില്‍ നിന്ന് വിഗ്രഹം പുറത്തെത്തിച്ചത് ഇദ്ദേഹമാണ്. പടിഞ്ഞാറെ നടയില്‍ ജയകൃഷ്ണ കേഫ് എന്ന സ്ഥാപനം നടത്തിയിരുന്നു.
1970 നവംബര്‍ 29ന് പൊലീസിെൻറ ഏകാദശി വിളക്കാഘോഷം കഴിഞ്ഞ് നടയടച്ച ശേഷമാണ് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ശ്രീകോവിലേക്ക് പടരുമെന്ന ഘട്ടമെത്തിയപ്പോൾ തന്ത്രി ചേന്നാസ് പരമേശ്വരന് നമ്പൂതിരിപ്പാട് വിഗ്രഹം പുറത്തേക്കെടുക്കാന്‍ അനുവാദം നല്കി. കേശവന് നായരാണ് സാഹസികമായി അഗ്നിനാളങ്ങള്‍ക്കിടയിലൂടെ കടന്ന് ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പ വിഗ്രഹം പുറത്തെത്തിച്ചത്. അഗ്നിതാണ്ഡവത്തില്‍ നിന്ന് വിഗ്രഹത്തെ പുറത്തെത്തിച്ച കേശവന് നായരെ നിരവധി സംഘടനകള്‍ പിന്നീട് ആദരിച്ചിരുന്നു. അഗ്നിബാധയുടെ 51ാം വാര്‍ഷിക ദിനത്തിലാണ് മരണം. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്രീനാരായണന്, വിജയശ്രീ, ജയശ്രീ, ശ്രീകുമാര്‍, പരേതയായ രാജശ്രീ. മരുമക്കള്‍: അജിത, ശ്രീകൃഷ്ണന്, രണരാജന്‍, ധന്യ.