വടശേരിക്കര: വടശ്ശേരിക്കര-ചിറ്റാർ റോഡിലുണ്ടായ വാഹനാപകടത്തിൽ ലോഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. പേഴുംപാറ 10ാം ബ്ലോക്ക് കടവുപുരക്കൽ ദേവസ്യ ആൻറണിയാണ് (57) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏേഴാടെ വടശ്ശേരിക്കര മലങ്കര കത്തോലിക്ക പള്ളിക്ക് സമീപത്ത് അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആൻറണിയെയും ഭാര്യയെയും ഇടിച്ചിട്ടു. പിന്നാലെയെത്തിയ തടി കയറ്റിവന്ന ലോറിയുടെ ചക്രങ്ങൾ തലയിൽ കയറി ദേവസ്യ തൽക്ഷണം മരിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ആശ ജോർജ് ലോറി ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം രക്ഷപ്പെട്ടു. സ്കൂട്ടറിലിടിച്ച ഓട്ടോ നിർത്താതെ പോയി. വടശ്ശേരിക്കര ബൗണ്ടറി മേഖലയിലെ ചുമട്, കയറ്റിറക്ക് തൊഴിലാളിയായ ദേവസ്യ ജോലി കഴിഞ്ഞ് വീട്ടുസാധനങ്ങൾ വാങ്ങാൻ ഭാര്യയോടൊത്ത് വടശ്ശേരിക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പെരുനാട് പൊലീസ് കേസെടുത്തു.