നാദാപുരം: ചിത്രകല അധ്യാപകനും തെയ്യച്ചമയ കലാകാരനുമായ പുറമേരി വിലാതപുരം വള്ളിൽ വി.ചന്തു മാസ്റ്റർ (85) നിര്യാതനായി. കല്ലാച്ചി ഗവ. ഹൈസ്കൂളിൽ ദീർഘകാലം ചിത്രകല അധ്യാപകനായിരുന്നു. സ്കൂൾ കലാമേളകളിലും പ്രവൃത്തിപരിചയമേളകളിലും നിറസാന്നിധ്യവും മികച്ച മത്സരാർഥികളെ ഒരുക്കുന്നതിൽ വിദഗ്ധനുമായിരുന്നു. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ശിൽപങ്ങളും തെയ്യം, കഥകളി രൂപങ്ങളും തയാറാക്കുന്നതിലും തെയ്യച്ചമയങ്ങൾ മരത്തിൽ കൊത്തിയെടുക്കുന്നതിലും ചന്തു മാസ്റ്റർ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്നു. മലയ സമുദായത്തിെൻറ നവീകരണവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമിട്ട് ഉത്തരകേരള മലയ സമുദായോദ്ധാരണ സംഘം രൂപവത്കരിക്കുകയും ഏറെനാൾ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സാംസ്കാരിക സംഘടനകളുടെ ബഹുമതികൾക്ക് അർഹനായി. ഭാര്യ: വി.ടി. കാർത്യായനി (റിട്ട. പ്രധാനാധ്യാപിക ഗവ. യു.പി.എസ് കല്ലാച്ചി). മക്കൾ: പ്രസീത, പ്രമോദ് (തേനീച്ച കൃഷി പരിശീലകൻ), പ്രതാപൻ (മെഡിക്കൽ കോളജ് കോഴിക്കോട്), പ്രജീഷ് (ഐ.ടി ബംഗളൂരു). മരുമക്കൾ: പുഷ്പൻ (കോവൂർ, റിട്ട. എസ്.ബി.ഐ), ബിനി, ദിജി, രേഖ. സഹോദരി: ജാനു.