തിരുവല്ല: മണിമലയാറ്റിലെ പുളിക്കീഴ് കടവിൽ കുളിക്കുന്നതിനിടെ കാണാതായ പന്തളം കുടശ്ശനാട് കണ്ടത്തിൽ കിഴക്കേതിൽ വീട്ടിൽ പ്രസാദ് ലക്ഷ്മണെൻറ (41) മൃതദേഹം അഗ്നിരക്ഷാ സേനയും സ്കൂബ ടീമും ചേർന്ന് നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കടവിൽ കുളിക്കാനിറങ്ങിയ പ്രസാദിനെ കാണാതാകുകയായിരുന്നു. ബാഗും ചെരിപ്പും കടവിന് സമീപത്തുനിന്ന് പുളിക്കീഴ് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ മുതൽ പുനരാരംഭിച്ച തിരച്ചിലിലാണ് കടവിൽനിന്ന് അരകിലോമീറ്റർ മാറി മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സ്കൂബ ടീം അംഗങ്ങളായ സി. രമേശ് കുമാർ, വി.ആർ. ഗോപകുമാർ, എ. അനീഷ് കുമാർ, കെ. രഞ്ജിത്, ഹോം ഗാർഡ് കെ.ജി. അനിൽ, തിരുവല്ല അഗ്നിരക്ഷാ സേനയിലെ ഓഫിസർമാരായ അഭിലാഷ്, ജയൻ മാത്യു, പി.കെ. ഷിജു എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.