അടിമാലി: അന്തർ സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ ഏഴുമാസം പ്രായമായ ആൺകുട്ടിയെ തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ പ്രവീൺകുമാർ-ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. രാജാക്കാട് സ്വദേശി പുളിക്കൽ തങ്കച്ചെൻറ കൃഷിയിടത്തിലെ ജോലിക്കാരാണ് ദമ്പതികൾ. ചൊവ്വാഴ്ച രാവിലെ കുട്ടിയെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം ഇവർ ജോലിക്കുപോയി. ബന്ധുവായ ഏഴ് വയസ്സുകാരിയാണ് കുട്ടിയെ നോക്കുന്നത്. ഉച്ചയായിട്ടും കുട്ടിക്ക് അനക്കമില്ലാത്തതിനെത്തുടർന്ന് പെൺകുട്ടി സമീപത്ത് താമസിക്കുന്ന തങ്കച്ചെൻറ വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ രാജാക്കാട് പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ഉടൻ രാജാക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരേത്ത മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് രാജാക്കാട് പൊലീസ് പറഞ്ഞു.