ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വഞ്ചിയിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. പോട്ട പനമ്പിള്ളി കോളജിന് സമീപം താമസിക്കുന്ന ആലിങ്ങപറമ്പിൽ അജേഷാണ് (38) മരിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈകീട്ട് അജേഷും ഭാര്യ രമ്യയും മറ്റൊരു സുഹൃത്തും ചേർന്നാണ് ആശുപത്രി കടവിന് സമീപം വഞ്ചിയിൽ മീൻ പിടിക്കാൻ പോയത്. ഇവർ മദ്യപിച്ച് വഴക്കുണ്ടായതായും തുടർന്ന് വള്ളം അജേഷ് മറിച്ചിട്ടതായും പറയുന്നു. വെള്ളത്തിൽ വീണ ഭാര്യയും സുഹൃത്തും നീന്തിക്കയറി. അജേഷും കരയ്ക്കെത്തി എന്നാണ് ഇവർ കരുതിയത്. എന്നാൽ, അജേഷിനെ കാണാത്ത വിവരം രാത്രിയായതോടെയാണ് ഇവർ പുറത്തു പറഞ്ഞത്. തുടർന്ന് രാത്രി 10.30ഓടെ ചാലക്കുടി അഗ്നിരക്ഷ നിലയം ജീവനക്കാർ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ച നടത്തിയ തിരച്ചിലിൽ മുരിങ്ങൂർ ഭാഗത്തുനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.