വടക്കഞ്ചേരി: മുടപ്പല്ലൂർ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ട സ്ത്രീയെ തിരിച്ചറിഞ്ഞു. തമിഴ്നാട് തിരുപ്പൂർ വെള്ളിയാംകാട് സൗത്ത് ഈശ്വരമൂർത്തി നഗറിൽ കെ. മീനയാണ് (63) മരിച്ചത്. ഈ മാസം 13നാണ് മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടത്. ബന്ധുക്കൾ ആരും വരാത്തതിനെ തുടർന്ന് 17ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മൃതദേഹത്തിൽനിന്ന് ദിണ്ഡിക്കല്ലിലെ ജ്വല്ലറിയുടെ വിലാസം ലഭിച്ചിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ചെറിയ മാനസികാസ്വാസ്ഥ്യമുള്ള മീനയെ ഈ മാസം ഒമ്പത് മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിരുപ്പൂർ പൊലീസിൽ പരാതി നല്‍കിയിരുന്നു. മീനയും അമ്മയും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് വടക്കഞ്ചേരിയിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്നതായി പറയുന്നു. മുടപ്പല്ലൂർ ഭാഗത്തെത്തിയ ഇവർ അബദ്ധത്തിൽ കുളത്തിൽ വീണതാവാമെന്നാണ് പൊലീസ് നിഗമനം. തിരുപ്പൂരിൽനിന്ന് ബന്ധുക്കളെത്തി മീനയുടെ വസ്ത്രങ്ങളും ആഭരണങ്ങളും തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധനക്ക് ശേഷം കോടതി മുഖാന്തരം ഇവ ബന്ധുക്കൾക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. കുമാരസ്വാമിയാണ് മീനയുടെ ഭർത്താവ്. മക്കൾ: മഹേഷ്, രഞ്ജിനി, റാണി. മരുമക്കൾ: കെ. സുന്ദരം, കെ. മുരുകേഷ്.