നെടുങ്കണ്ടം: സ്വകാര്യ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് മധ്യപ്രദേശ് സ്വദേശിനി അനിത ഭായ് (27) മരിച്ചു. വെള്ളിയാഴ്ച രാവിലെ 9.20ന് ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.
അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം 20ഓളം പേര് ഏലക്ക തോട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജീപ്പ് വരാന്‍ വൈകിയെന്ന് മറ്റ് തൊഴിലാളികള്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്ന് തൊഴിലാളികളുമായെത്തിയ ജീപ്പ് പാറത്തോട്ടില്‍ തൊഴിലാളികളെ ഇറക്കാൻ കാത്തിരുന്നതായാണ് ആരോപണം.
അവസാനം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം മധ്യപ്രദേശിന് കൊണ്ടുപോകും. അനിതയുടെ ഭര്‍ത്താവും സഹോദരനും ഈ തോട്ടത്തിലെ തൊഴിലാളികളാണ്. എസ്റ്റേറ്റിന് സമീപത്തെ ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്.