കയ്പമംഗലം: പെരിഞ്ഞനത്ത് ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുതുവത്സരപ്പിറവിക്ക് പിന്നാലെയാണ് നാടിനെ നടുക്കിയ അപകടം. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് മുന്നിലെ കൊടുംവളവിൽ ദേശീയപാതയിലാണ് പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രികരായ മതിലകം ഒന്നാംകല്ല് സ്വദേശി എള്ളുംപറമ്പിൽ അഷറഫിന്റെ മകൻ അൻസിൽ (22), കയ്പമംഗലം കാക്കാത്തിരുത്തി കൂടപ്പുഴ ഗോപന്റെ മകൻ രാഹുൽ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കിൽ എതിരെ വന്ന പിക് അപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.