കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം അഞ്ചാംപരുത്തിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സും ക്വാളീസ് കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പത്തനംതിട്ട തിരുവല്ല മതിൽഭാഗം രാഗേന്ദുവിൽ രാധാകൃഷ്ണന്റെ മകൾ രേഷ്മയാണ് (29) മരിച്ചത്. സഹോദരൻ റോഷൻ (25), ബന്ധു തിരുവല്ല മഠത്തിപറമ്പിൽ രാജുവിന്റെ ഭാര്യ വിജയലക്ഷ്മി (49) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. റോഷനാണ് കാർ ഓടിച്ചിരുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. തകർന്ന കാറിൽ കുടുങ്ങിക്കിടന്നവരെ കൊടുങ്ങല്ലൂർ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ പി.ബി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്നു ഡോറുകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാത വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ഉൾ റോഡുകളിലൂടെ പൊലീസ് തിരിച്ചു വിടുകയായിരുന്നു. മതിലകം എസ്.ഐ വിമലിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.