പട്ടാമ്പി: ബൈക്കിന് കുറുകെ നായ് ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വല്ലപ്പുഴ അപ്പംകണ്ടം കൊട്ടിലിയിൽ ഷമീറിന്റെ മകൻ സൻഫർ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി പട്ടാമ്പി - പള്ളിപ്പുറം പാതയിലെ പെരുമുടിയൂരിലായിരുന്നു അപകടം. പള്ളിപ്പുറം ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരുമ്പോൾ കുറുകെ നായ് ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ സൻഫർ ഞായറാഴ്ച രാവിലെ 11 ഓടെയാണ് മരിച്ചത്. മാതാവ്: റസിയ. സഹോദരങ്ങൾ: ജംഷീറ, ജിസ്ന.
ബൈക്കിലുണ്ടായിരുന്ന വല്ലപ്പുഴ അപ്പം കണ്ടത്തിൽ അലിയുടെ മകൻ നൗഷ്കർ, പാലക്കാട് തിരുത്തിയിൽ സിദ്ദീഖിന്റെ മകൻ ഹസീബ് എന്നിവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.