മുളങ്കുന്നത്തുകാവ്: തങ്ങാലൂരിൽ നഴ്സിനെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തങ്ങാലൂർ പൂക്കുന്നത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ എ.ജി. അമ്പിളിയെയാണ് (53) വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെളപ്പായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായിരുന്ന അമ്പിളി സ്ഥാനക്കയറ്റം ലഭിച്ച് പബ്ലിക് ഹെൽത്ത് നഴ്സായി വരവൂരിലേക്ക് ജോലിയിൽ പ്രവേശിച്ച ശേഷമാണ് സംഭവം. 10 ദിവസത്തെ അവധിയെടുത്ത് വീട്ടിലായിരുന്ന ഇവർ കഴിഞ്ഞ ദിവസം രാത്രി 11 വരെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. തുടർന്ന് ഉറങ്ങാൻ പോയ ഭർത്താവും കുട്ടികളും രാവിലെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ അമ്പിളിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എ.സി.പി രാജു, മെഡിക്കൽ കോളജ് പൊലീസ്, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. മക്കൾ: അഖിന കൃഷ്ണൻ, അതുൽ കൃഷ്ണൻ.