നെടുങ്കണ്ടം: മലപ്പുറത്തുനിന്ന് വിദ്യാര്‍ഥികളുമായെത്തിയ ടൂറിസ്റ്റ്ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ തിങ്കള്‍ക്കാട് മന്നാക്കുടി ഗോപാലന് (50) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഇടവഴിക്കുന്നേല് പ്രഭു (39), തലക്ക് ഗുരുതര പരിക്കുകളോടെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗോപാലനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കള്‍ക്കാട് കോളനി ജങ്ഷനിലായിരുന്നു അപകടം. വെള്ളിയാഴ്ച പൊങ്കല്‍ പ്രമാണിച്ച് മാംസം വാങ്ങാന്‍ മുനിയറക്ക് പോകുകയായിരുന്നു ഇരുവരും. അടിമാലി നെടുങ്കണ്ടം റോഡിലൂടെ എത്തിയ ടൂറിസ്റ്റ്ബസ്, രാജാക്കാട് തിങ്കള്‍ക്കാട് റോഡിലൂടെ വന്ന സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ, ബസ് ഗോപാലന്റെ ശരീരത്തില്‍ കയറി. നിയന്ത്രണം വിട്ട ബസ് മണ്‍തിട്ടയില്‍ ഇടിച്ചുനിന്നതിനാല്‍ ദുരന്തം ഒഴിവായി. റോഡിനുതാഴെ വലിയ കൊക്കയാണ്.
മലപ്പുറം കൊണ്ടോട്ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് രാമക്കല്‍മേട്ടിലേക്ക് വരുകയായിരുന്നു. 35 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. ഉടുമ്പന്‍ചോല പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മരിച്ച ഗോപാലന്റെ ഭാര്യ കുമാരി. മക്കള്‍: വിജയന്, അമ്പിളി.