ചാവക്കാട്: ദേശീയ പാതയിൽ ടാങ്കർലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികൻ വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി ഇടശേരി ബീച്ച് കോലാശ്ശേരി സുനിൽകുമാറിന്റെയും ചന്ദ്രികയുടെയും ഏക മകൻ നിഖിലാണ് (22) മരിച്ചത്. കോഴിക്കോട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് കൂട്ടുകാരൻ വാടാനപ്പള്ളി സ്വദേശി ഷാനാസുമായി തിരിച്ച് പോകുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 2.45 ഓടെ ചാവക്കാട് പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് കിണർ സെന്ററിലാണ് അപകടമുണ്ടായത്. പാലുമായി പോകുകയായിരുന്ന ടാങ്കർ ലോറി റോഡിന്റെ വശത്തേക്ക് നിർത്തിയിടാനുള്ള ശ്രമത്തിലായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അതിവേഗത്തിലെത്തിയ ബൈക്ക് ടാങ്കറിലിടിച്ചത്. മൊബൈൽ നെറ്റ് വർക്ക് തകരാർ കാരണം അരമണിക്കൂർ കഴിഞ്ഞാണ് ആംബുലൻസുകളെത്തിയത്. പിന്നീട് പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകരും വെളിയങ്കോട് അൽഫാസ ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നിഖിൽ മരിച്ചിരുന്നു. ഷാനാസിനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.