ആനക്കര: തൃത്താല മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ഇ. ശങ്കരൻ (86) നിര്യാതനായി. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇടപ്പറമ്പിലില് കോതയുടെയും നീലിയുടെയും മകനായി 1936 മേയ് അഞ്ചിനാണ് ജനനം. 1991-1996 കാലയളവില്‍ തൃത്താലയുടെ ജനപ്രതിനിധിയായിരുന്നു. യു.ഡി.എഫ് സിറ്റിങ് സീറ്റായിരുന്ന തൃത്താലയില്‍ മുസ്ലിം ലീഗിലെ കെ.പി. രാമനെയാണ് ശങ്കരൻ പരാജയപ്പെടുത്തിയത്. തൃത്താല വെള്ളിയാങ്കല്ല് പദ്ധതിയുടെ സൂത്രധാരനാണ്. ദേവസ്വം ബോർഡ് അംഗമായിരിക്കെ ക്ഷേത്രഭൂമി കൈയേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം കുടുംബ ശ്മശാനത്തില്‍ നടത്തി. ഭാര്യ: കുഞ്ഞമ്മുടീച്ചര്. മക്കള്‍: സന്തോഷ്, ശ്രീകല, ശശികല.