കൊരട്ടി: അമ്മാവന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവാവ് കൊറ്റൻച്ചിറ കുളത്തിൽ മുങ്ങി മരിച്ചു. മുംബൈയിലെ താമസക്കാരനായ ഇഗ്നേഷ്യസിന്റെ മകൻ ഫ്രാങ്കോയാണ് (26) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഫ്രാങ്കോ കുറച്ചുദിവസം മുമ്പാണ് അമ്മാവനായ വാലുങ്ങാമുറി വലിയ വീട്ടിൽ സെബാസ്റ്റ്യന്റെ വീട്ടിൽ വിരുന്നിനെത്തിയത്. ഞായറാഴ്ച ഉച്ചക്ക് അമ്മാവന്റെ മകനുമൊത്ത് പഞ്ചായത്ത് കുളമായ കൊറ്റൻച്ചിറയിൽ നീന്താൻ പോയതായിരുന്നു. നീന്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അമ്മാവന്റെ മകന് നീന്തലറിയാത്തതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ചാലക്കുടി അഗ്നിരക്ഷ സേന എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.