കൊടുങ്ങല്ലൂർ: വീട്ടിനുള്ളിൽ പാമ്പിനെ കണ്ട് ഭയന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ലോകമലേശ്വരം ഉഴുവത്ത് കടവ് കല്പക റോഡിൽ പലചരക്ക് കച്ചവടം നടത്തുന്ന എടത്തിപറമ്പിൽ മാധവന്റെ മകൻ പരമൻ (72) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രി കട പൂട്ടി വീട്ടിലെത്തിയ ശേഷം മുൻവശത്തെ വാതിലിൽ എന്തോ തട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്നെങ്കിലും ഒന്നും കാണാത്തതിനാൽ വാതിൽ അടച്ചു. ഈ സമയം വാതിലിനോട് ചേർന്ന് വീട്ടിനുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഒച്ചവെക്കുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച. ഭാര്യ: ശാരദ. മക്കൾ: സുധീർ, രാജി. മരുമക്കൾ: ഇന്ദു, സുധീർ.