കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇടക്കുർശ്ശി മതിപ്പുറം ആൻറണിയുടെ മകൻ അലക്സ് ആന്റണിയാണ് (25) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഇടക്കുർശ്ശിക്കുന്ന് ഭാഗത്തുവെച്ച് യുവാവ് സഞ്ചരിച്ച ജീപ്പും പിക്അപ് വാനും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. സാരമായി പരിക്കേറ്റ അലക്സിനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പഠനകാലത്ത് അലക്സ് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായിരുന്നു.മാതാവ്: മറിയാമ്മ. സഹോദരി: അനില. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച ഇടക്കുർശ്ശിയിലെ പൊതുദർശനത്തിനുശേഷം കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.