കട്ടപ്പന: നാടക നടനും ഗഞ്ചിറ കലാകാരനുമായ കാഞ്ചിയാർ കോയിക്കൽ കാഞ്ചിയാർ മണി (രാമചന്ദ്രൻ പിള്ള -70) നിര്യാതനായി. സംസ്കാരം നടത്തി. തിരുവല്ലയിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ പാഠ്യഭാഗമായ ‘വേലുത്തമ്പി ദളവ’ എന്ന നാടകം അവതരിപ്പിച്ചാണ് അരങ്ങേറ്റം. പിന്നീട് ഹെറേഞ്ചിൽ കുടിയേറി പ്രഫഷനൽ നാടക ട്രൂപ്പുകളിലടക്കം നൂറുകണക്കിന് നാടകങ്ങളിൽ അഭിനയിച്ചു.
കാഞ്ചിയാർ ആൽഫ തിയറ്ററിലൂടെയാണ് പ്രഫഷനൽ നാടകവേദിയിൽ നിറസാന്നിധ്യമായത്. ‘ദാഹപർവം’ എന്ന നാടകത്തിൽ ഹാസ്യനടനായി ശോഭിച്ചു. പിന്നീട് ടെലി ഫിലിമുകളിലും അഭിനയിച്ചു. അടിയന്തരാവസ്ഥക്കെതിരെ ‘തമസ്കരണ’ത്തിലെ ഹാസ്യനടൻ, ‘ശ്രീകോവിലി’ലെ പൂജാരി, ‘കലാപ’ത്തിലെ ഭ്രാന്തൻ തുടങ്ങി കിട്ടിയ വേഷങ്ങളെല്ലാം അനശ്വരമാക്കി. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ ‘കസ്തൂരിക്കാറ്റ്’ എന്ന തെരുവുനാടകം അഭിനയത്തിലൂടെ ശ്രദ്ധേയനായത് മണിയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സുഷമ. മക്കൾ: കെ.എൻ. ദീപകുമാരി (പി.എസ്.സി), കെ.എൻ. സൗമ്യ ദേവി. മരുമക്കൾ: പി.എസ്. ജയൻ (റവന്യൂ), കെ. ബാബു.