മറയൂര്‍: പള്ളനാട് മംഗളംപാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകന് പള്ളനാട് സ്വദേശി ദുരൈരാജ് (58) കൊല്ലപ്പെട്ടു. മറയൂര്‍ ടൗണിലെത്തി വീട്ടുസാധനങ്ങളും ഭക്ഷണവും വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണം. മംഗളംപാറയിലെ കൃഷിയിടത്തിലാണ് ദുരൈരാജ് താമസിക്കുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ ദുരൈരാജിനെ കാട്ടുപോത്ത് ഓടിക്കുന്നത് കണ്ടതായും സമീപ കൃഷിയിടത്തില്‍നിന്ന് ശബ്ദം കേട്ടെന്നും സമീപവാസികൾ പറഞ്ഞു. പള്ളനാട് മേഖലയില്‍ സ്ഥിരം സാന്നിധ്യമായ കാട്ടുപോത്താണ് ദുരൈരാജിനെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. പോത്തിനെ തുരത്തുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി ആശുപത്രിയിലേക്ക് നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. മറയൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണമെന്ന് ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പൊലീസ് സംരക്ഷണയില്‍ എത്തിയ ഡി.എഫ്.ഒ, കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് മറയൂര്‍ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ഭാര്യ: പൗര്‍ണമി.