ചെറുതുരുത്തി: രാജ്യം പത്മശ്രീ നൽകി ആദരിച്ച ആദ്യ വിദേശവനിത കലാമണ്ഡലം മിലാന സാൽവിനി (89) പാരീസിൽ അന്തരിച്ചു. 1965ൽ സ്കോളർഷിപ്പോടെ കഥകളി പഠിക്കാനായി ഫ്രാൻസിൽനിന്ന് കലാമണ്ഡലത്തിൽ എത്തിയ മിലാന സാൽവിനി, ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി മാറി. കേരള കലാമണ്ഡലത്തിന്റെ വികാസ പരിണാമഘട്ടങ്ങളിൽ മിലാന നടത്തിയ കലാപ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. മിലാനയുടെ ക്ഷണം സ്വീകരിച്ച്, 1967ൽ 17 അംഗ കഥകളിസംഘം നടത്തിയ യൂറോപ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി. 1975ൽ മിലാനയും ജീവിതപങ്കാളി റോജർ ഫിലിപ്സിയും ചേർന്ന് പാരീസിൽ മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസസ് എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളി തുടങ്ങിയ ശാസ്ത്രീയ കലകൾ പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 1980ലും 1999ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി. 2001ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതിൽ മിലാനയുടെ കലാപ്രവർത്തനങ്ങൾ ഏറെ പങ്കുവഹിച്ചു. കഥകളിക്ക് നൽകിയ സംഭാവനകളെ പുരസ്കരിച്ച് മിലാന സാൽവിനിയെ 2019ൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചു. മിലാന സാൽവിനിയുടെ വിയോഗത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണനും ഭരണസമിതി അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും ഓഫിസ് ജീവനക്കാരും അനുശോചിച്ചു. പ്രശസ്ത കഥകളി നടനും കലാമണ്ഡലം മുൻ പ്രിൻസിപ്പലും നിള കാമ്പസ് മുൻ ഡയറക്ടറുമായ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി മിലാന സാൽവിനിയുമായി കഴിഞ്ഞദിവസവും ഫോണിൽ സംസാരിച്ചിരുന്നു. ഇസബെല്ലയാണ് മിലാന സാൽവിനിയുടെ മകൾ.