അഗളി: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് ആദിവാസി ബാലൻ മരിച്ചു. പുതൂർ പഞ്ചായത്തിലെ അബ്ബണ്ണൂർ ഊരിലെ സ്വാദിഷ് (രണ്ട്) ആണ് കൂക്കമ്പാളയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 27ന് കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ശേഷം ഊരിലേക്ക് മടങ്ങിയ ബാലന് കഴിഞ്ഞ ദിവസം ശ്വാസ തടസ്സം നേരിട്ടതിനെതുടർന്ന് വെള്ളിയാഴ്ച രാത്രി കൂക്കമ്പാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ ആറിനാണ് മരിച്ചത്. സംഭവത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. 27ന് കടുത്ത പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോവിഡ് പരിശോധന നടത്താതെ പനിക്കുള്ള മരുന്ന് മാത്രം നൽകി മടക്കി അയക്കുകയായിരുന്നു. കൂക്കമ്പാളയത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷൈജു, സരസ്വതി ദമ്പതികളുടെ മകനാണ് സ്വാദിഷ്.