കല്ലടിക്കോട്: മൂന്നേക്കറിനടുത്ത് മീൻവല്ലത്ത് സ്വകാര്യ റബർ തോട്ടത്തിൽ റബർ പാൽ നിറച്ച വീപ്പ കയറ്റിയ പിക്അപ് വാൻ മറിഞ്ഞ് തൊഴിലാളി മരിച്ചു. കല്ലടിക്കോട് വാക്കോട് ചേനാത്ത് അബ്ദുസ്സലാണ് (കുഞ്ഞുമണി -45) മരിച്ചത്. വീപ്പ ദേഹത്ത് വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഡ്രൈവർ തെങ്കര ആമ്പാടത്ത് വിഷ്ണുവിനെ (23) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽനിന്ന് തെറിച്ച് വീണ തൊഴിലാളികളായ ചന്ദ്രൻ, സന്തോഷ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.തോട്ടത്തിൽനിന്ന് റബർ പാൽ കയറ്റി വരുന്നതിനിടെ റോഡിൽ മറിഞ്ഞ വാൻ മുറിച്ചിട്ട മരത്തടിയിൽ തട്ടി നിൽക്കുകയായിരുന്നു. വളവും കുത്തനെ ഇറക്കവുമുള്ള ഭാഗമാണിവിടെ.പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അബ്ദുസ്സലാമിന്റെ മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ. ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. ഖബറടക്കം ഉച്ചക്ക് രണ്ടിന് തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മരിച്ച അബ്ദുസ്സലാമിന്റെ പിതാവ്: പരേതനായ ബാപ്പുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: ഷമീമ. മക്കൾ: ഹിഷ്മ ഫാത്തിമ, സൻഫിൽ (വിദ്യാർഥികൾ). സഹോദരങ്ങൾ: ലൈല, റഷീദ, സക്കീന, നസീമ, മുസമ്മിൽ.