തൃശൂർ: തൃശൂർ സെന്റ് തോമസ് കോളജിൽ എസ്.എഫ്.ഐ പ്രതിനിധിയായി ചെയർമാനായി ചരിത്രം രചിച്ച ഫാദർ ജോസ് ചിറ്റിലപ്പിള്ളി (71) നിര്യാതനായി. ജൂബിലി മിഷൻ മെഡിക്കൽ കോളജ് കാമ്പസിലെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു.
1981, 82 വർഷങ്ങളിലാണ് ഫാ. ജോസ് സെന്റ് തോമസിൽ എം.എ (ഇക്കണോമിക്സ്) വിദ്യാർഥിയായത്. 1982ലെ യൂനിയൻ തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. ഇതേതുടർന്ന് എം.എ അവസാനിച്ചശേഷം പള്ളികളുടെ ചുമതലകളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ബൈബിളിനെ സാമൂഹിക -സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി അദ്ദേഹം വ്യാഖ്യാനിച്ചു. വിമോചനാശയങ്ങൾ പങ്കുവെച്ചു. പിന്നീടാണ് ഫാ. ജോസിന് മസ്തിഷ്കത്തിൽ അർബുദം ബാധിച്ചത്. വെല്ലൂരിൽ ചികിത്സയിലിരിക്കെ അന്നത്തെ ആർച്ച് ബിഷപ് മാർ ജോസഫ് കുണ്ടുകുളം, ജോസച്ചനെ സന്ദർശിച്ചു. അസുഖം മാറി വന്നപ്പോൾ വീണ്ടും പള്ളികളിലെ ചുമതലകളും നൽകി.
1990ൽ സമ്പൂർണ സാക്ഷരത കാലത്ത് വിലപ്പെട്ട സേവനങ്ങൾ അദ്ദേഹം നൽകി. ബിഹാറിൽ നടത്തിയ സാക്ഷരത പ്രവർത്തനത്തിന് ഭാരത് ഗ്യാൻ -വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഓഡിനേറ്ററായി നേതൃത്വം നൽകി. അക്കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായിരുന്നു. രണ്ടു വർഷം മുമ്പ് അഞ്ചേരി സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി അവാർഡ് നൽകി ആദരിച്ചിരുന്നു. മറ്റം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതരായ തോമസ് കത്രീന ദമ്പതികളുടെ മകനാണ്.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.30ന് മുണ്ടൂർ പള്ളി സെമിത്തേരിയിൽ. അതിനു മുന്നോടിയായി രാവിലെ 6.30ന് പ്രീസ്റ്റ് ഹോമിലും തുടർന്ന് മുണ്ടൂർ പുറ്റേക്കരയിലുള്ള സഹോദരന്റെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.