തൃശൂർ: സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന അമ്മാമ്മ ഇനി ഓർമ. കൊച്ചുമകന്റെ കാറിൽ ദിവസവും കോൾപാടത്തെത്തി കാഴ്ചകൾ കണ്ട് കഥകൾ പറഞ്ഞുപോയിരുന്ന പുറണാട്ടുകര ജെനക്സ് ജോയിയുടെ അമ്മാമ്മ ത്രേസ്യാമ്മ (77) നിര്യാതയായി. നീല ഫിയറ്റ് കാറിൽ സായാഹ്നങ്ങളിലെത്തി ഗ്രാമഫോണിൽ പാട്ടുകേട്ടിരിക്കുന്ന അമ്മാമ്മയുടെ വിഡിയോയും പടങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അമ്മാമ്മയുടെയും കൊച്ചുമോന്റെയും കഥ ഏറെ ഹൃദ്യമായാണ് ജനം ഏറ്റെടുത്ത്. മുതുവറ സ്വദേശി ഫോട്ടോഗ്രാഫർ അനിരുദ്ധനാണ് ഈ കൊച്ചുമോന്റെയും അമ്മാമ്മയുടെയും ആത്മബന്ധം കാമറയിൽ പകർത്തിയത്. ഒരു കൊച്ചുമോൻ അമ്മാമ്മയെ സന്തോഷിപ്പിക്കാൻ നടത്തിയ പതിവു യാത്രയാണ് നിരവധിയാളുകളെ ചിന്തിപ്പിച്ചത്. മെക്കാനിക്കൽ ഡിപ്ലോമക്കാരനായ കൊച്ചുമോൻ ജെനക്സ് ജോയിയാണ് അമ്മാമ്മയെ സന്തോഷിപ്പിക്കാൻ കാറിൽ കോൾപാടത്തേക്ക് കൊണ്ടുവന്നിരുന്നത്. കുറച്ചുദിവസം മുമ്പ് ഹെർണിയയുടെ വേദന മൂലം ഓപറേഷന് വിധേയമായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. പുറനാട്ടുകര സെൻട്രൽ സ്കൂൾ റോഡിൽ തേയ്ക്കാനത്ത് പരേതനായ ആന്റണിയുടെ ഭാര്യയാണ് ത്രേസ്യാമ്മ. മക്കൾ: ബീന ജോയ്, ജീന ജോസഫ്. മരുമക്കൾ: ജോസഫ്, പരേതനായ എ.ഡി. ജോയ്.