മുട്ടം: ഗൃഹനാഥനെ തൊടുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി വടക്കേത്തൊട്ടി പുലക്കുടിയിൽ ഡെന്നിയുടെ (45) മൃതദേഹമാണ് മ്രാല പമ്പ്ഹൗസിന് സമീപം പുഴയാറ്റിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പെരുമറ്റം ഭാഗത്ത് പുഴയിലൂടെ ഒഴുകിവന്ന മൃതദേഹം സമീപവാസി പാറയ്ക്കൽ സിനാജാണ് കരക്കടുപ്പിച്ചത്. ഡെന്നിയുടെ ഓട്ടോ വണ്ണപ്പുറം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഡെന്നിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കഞ്ഞിക്കുഴി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇയാൾ സാമ്പത്തിക പ്രതിസന്ധി മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പറയപ്പെടുന്നു. പഴയരിക്കണ്ടം ഈട്ടിക്കവലയിൽ പച്ചക്കറി കട നടത്തുകയായിരുന്നു. ഇതിനൊപ്പം ഓട്ടോയും ഓടിച്ചിരുന്നു. മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രേഖ. മക്കൾ ആദിത്യ, അദ്വൈത്.