അടിമാലി: രാജാക്കാട് പന്നിയാർകുട്ടി കുളത്രകുഴിക്ക് സമീപം ബൊലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ രാജകുമാരി സ്വദേശി പട്ടരുമഠത്തിൽ സനു വർഗീസാണ് (43) മരിച്ചത്. അപകടത്തിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ച ജീപ്പിൽനിന്ന് പിഞ്ചുകുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടറിൽ സഞ്ചരിച്ച സനു അപകടത്തില്‍ തൽക്ഷണം മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തിൽ ഇടിച്ചാണ് മറിഞ്ഞത്. അമ്മയും രണ്ടുമാസമായ കുഞ്ഞും ഉൾപ്പെടെ മൂന്ന് സ്ത്രീകളും ഡ്രൈവറുമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. അമ്മയും കുഞ്ഞും മറ്റു യാത്രികരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനുവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഗലീലാക്കുന്ന് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സോണി. മക്കൾ: ജോയൽ (നാലാം ക്ലാസ് വിദ്യാർഥി), നേഹൽ (5).