റാന്നി: എരുമേലിക്കു സമീപം ചരളയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ റാന്നി പഴവങ്ങാടി മക്കപ്പുഴ സ്വദേശിയായ ഗൃഹനാഥന് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മക്കപ്പുഴ സ്വദേശി ലതാസദനത്തിൽ സന്തോഷ് കുമാറാണ് (48) മരിച്ചത്. പമ്പാവാലി സ്വദേശിയായ ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 8.30ഓടെ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തുകൂടി വന്ന കാർ യാത്രികരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എരുമേലി ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എരുമേലി എസ്.എച്ച്.ഒ മനോജ് മാത്യു, എസ്.ഐ എം.എസ്. അനീഷ് എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ. പരേതനായ കുട്ടപ്പനാചാരിയുടെയും ശാന്തമ്മയുടെയും മകനാണ് സന്തോഷ്. മരപ്പണിക്കാരനാണ്. ഭാര്യ: സുനിത. മകന്: വൈശാഖ്. സംസ്കാരം പിന്നീട്.