കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജ് റിട്ട. പ്രിൻസിപ്പലും ക്ഷേത്ര സംരക്ഷണ സമിതി മുൻ സംസ്ഥാന പ്രസിഡൻറും ജന്മഭൂമി കോഴിക്കോട് എഡിഷൻ പ്രിൻറർ ആൻഡ് പബ്ലിഷറുമായ പ്രഫ. പി.സി. കൃഷ്ണവർമ രാജ (76) നിര്യാതനായി. സാമൂതിരി രാജകുടുംബാംഗമായ അദ്ദേഹം മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചിത്രവൊടത്തിലാണ് താമസം. സാമ്പത്തിക ശാസ്ത്ര അധ്യാപകൻ, യോഗാചാര്യൻ, ആധ്യാത്മിക പ്രഭാഷകൻ, വിവിധ ക്ഷേത്ര പരിപാലന സമിതികളുടെ ഉപദേഷ്ടാവ്, സനാതന ധർമ പ്രചാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. സാമൂതിരി കോളജ് ഇ.ഡി ക്ലബ് പ്രസിദ്ധീകരിച്ച യോഗ, കാലിക്കറ്റ് സർവകലാശാല സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർഥികൾക്കായി ‘ധനശാസ്ത്ര ചിന്തയുടെ ചരിത്രം’ എന്നിവ കൂടാതെ സാമ്പത്തിക ശാസ്ത്രവും യോഗയും വിഷയമാക്കി വിവിധ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷനാണ്. ബി.ജെ.പി സ്ഥാനാർഥിയായി കോഴിക്കോട് കോർപറേഷനിലേക്ക് 1987ൽ ആഴ്ചവട്ടം വാർഡിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതൻ വികസന സമിതി സെക്രട്ടറി, സനാതന ധർമപരിഷത് ഉപാധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിരുന്നു.
പിതാവ്: കൊലോറ്റ ഇല്ലത്തെ പരേതനായ വിഷ്ണു നമ്പൂതിരി. മാതാവ്: പി.സി. കുട്ടി അനുജത്തി തമ്പുരാട്ടി. ഭാര്യ: കടന്നമണ്ണ കോവിലകത്ത് രാധ തമ്പുരാട്ടി. മക്കൾ: കെ.സി. സുചിത്ര വർമ (അധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സ്കൂൾ), സുമിത്ര വർമ (സ്കൂൾ അധ്യാപിക, മുംബൈ). മരുമക്കൾ: പി.സി. ബിജുകൃഷ്ണൻ (ബിസിനസ് ), അനിൽ രാഘവ വർമ (ഐ.ബി.എം മുംബൈ). സഹോദരങ്ങൾ: പി.സി. ശ്രീദേവി തമ്പുരാട്ടി (ഗുരുവായൂർ), പി.സി. സാവിത്രി തമ്പാട്ടി (മുംബൈ), പി.സി.കെ. രാജ (ടാറ്റ കോഫി), പി.സി.എം. രാജ (ഉണ്ണി -റിട്ട. ഗുരുവായൂരപ്പൻ കോളജ്), പരേതരായ ഏടത്തി തമ്പുരാട്ടി, അനുജത്തി തമ്പാട്ടി (അങ്ങാടിപ്പുറം).