മാള: കെ.എസ്.ഇ.ബി ജീവനക്കാരനെ വൈദ്യുതി തൂണിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊമ്പൊടിഞ്ഞാമാക്കൽ സെക്ഷന് കീഴിലെ ലൈൻമാൻ തിരുവനന്തപുരം കിളിമാനൂർ സൂരജ് ഭവനിൽ ഭാസ്കരൻ ആചാരിയുടെ മകൻ സുധീഷാണ് (50) മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് മരിച്ചത്. വൈദ്യുതാഘാതം ഏറ്റിട്ടില്ലെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറഞ്ഞു. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താനാവൂ എന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച പകൽ കുഴിക്കാട്ടുശ്ശേരിയിലാണ് സംഭവം. ഗ്രാമിക ജങ്ഷനിൽ സംസ്ഥാന പാതയോരത്തെ വൈദ്യുതി തൂണിലെ കമ്പികൾ അഴിച്ചു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. സ്വകാര്യ വ്യക്തിയുടെ കണക്ഷൻ ഒഴിവാക്കാൻ അപേക്ഷിച്ചിരുന്നതായി പറയുന്നു. എ.ഇ.ഇയുടെ നിർദേശപ്രകാരം എത്തി തൂണിൽ കയറി ഒരുലൈൻ അഴിച്ചിട്ടു. രണ്ടാമത്തെ ലൈൻ അഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം നേരിട്ടു. താഴെ നിന്ന നാട്ടുകാരാണ് സംഭവം കണ്ടത്. ഇവർ ഉടൻ മാള അഗ്നി രക്ഷാസേന, സെക്ഷൻ ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിവരമറിയിച്ചു. ലൈൻ നേരത്തേ തന്നെ ഓഫാണെന്ന് സെക്ഷനിൽനിന്ന് എത്തിയ ജീവനക്കാർ പറഞ്ഞു. നാട്ടുകാരും ജീവനക്കാരും ചേർന്ന് സുധീഷിനെ സാഹസികമായി താഴെ ഇറക്കി. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഒരു വർഷം മുമ്പാണ് സുധീഷ് സ്ഥലംമാറ്റം ലഭിച്ച് ഇവിടെ എത്തിയത്.