ചെറുതുരുത്തി: ഭാരതപ്പുഴയിൽ കൊച്ചിൻ പാലത്തിന് സമീപം വയോധികന്റെ മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മേച്ചേരിക്കടവ് പമ്പ് ഹൗസിന് സമീപം മണൽ തുരുത്തിൽ പുൽക്കാടുകൾക്കിടയിൽ നഗ്നനായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മീൻ പിടിക്കാൻ പുഴയിലെത്തിയവർ മൃതദേഹം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ചെറുതുരുത്തി പൊലീസ്, ഷൊർണൂർ എസ്.ഐ ഒ.വി. വിനോദ്, ഷൊർണൂർ ഫയർ സർവിസ് ഓഫിസർ സുൾഫീസ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം കരക്കെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പൊലീസ് മേൽനടപടികൾ പൂർത്തീകരിച്ചു. പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.