നിലമ്പൂർ: ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെയും അൻസിയുടെയും മകൾ ഫാത്തിമ ഐറിൻ (ഇഷ) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ ബന്ധുവീട്ടിലെ മുറ്റത്ത് കാർപോർച്ചിന് ചേർന്നുണ്ടായിരുന്ന ബക്കറ്റിൽ കുട്ടിയെ കണ്ടത്. ഭിത്തിക്കും കാറിനുമിടയിലായിരുന്ന ബക്കറ്റ് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നാട്ടുകാരും വീട്ടുകാരും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ മുക്കാൽ മണിക്കൂറിന് ശേഷമാണ് ബക്കറ്റിലെ വെള്ളത്തിൽ കണ്ടത്. അയൽവാസി മഞ്ചേരി മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് ജിബിൻ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകി ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ഇർഷാദ് സൗദിയിലാണ്. ഖബറടക്കം ചൊവ്വാഴ്ച. സഹോദരൻ: മുഹമ്മദ് റയാൻ.