ചാഴൂർ: ചിറക്കലിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നേരത്തേ കിഴുപ്പിള്ളിക്കരയിൽ താമസിച്ചിരുന്ന കോട്ടാമ്മൽ പരേതനായ ശങ്കരന്റെ (കെ.കെ. ശങ്കരൻ) മകൻ സന്തോഷാണ് (52) മരിച്ചത്. തിങ്കളാഴ്ച രാത്രി 10ന് ചിറക്കൽ സെന്ററിലായിരുന്നു അപകടം. പഴുവിലിൽ ബന്ധു മരിച്ചതിന്റെ അടിയന്തിരം ചടങ്ങിൽ പങ്കെടുത്ത് ഫാസ്റ്റ് ഫുഡ് കട നടത്തുന്ന അരണാട്ടുകരയിലേക്ക് പോകുമ്പോൾ ബൈക്കിൽ ഏതോ വാഹനം ഉരസുകയായിരുന്നു. റോഡിൽ ബൈക്കുമായി വീണ് കിടന്നിരുന്ന സന്തോഷിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇപ്പോൾ ആനന്ദപുരത്താണ് താമസം. ഭാര്യ: അമ്പിളി. മക്കൾ: വൈഷ്ണവി, വൈദേഹി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് താന്ന്യം ശ്മശാനത്തിൽ.