അടിമാലി: പീരുമേട് സ്വദേശിയായ കരാർ തൊഴിലാളി സേനാപതിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പീരുമേട് റാണിമുടിയിൽ കോന്നഞ്ചിറയിൽ ജോസിന്റെ മകൻ വിനീതാണ് (33) മരിച്ചത്. ഇടുക്കി കേബിൾ വിഷൻ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലികൾ ചെയ്യുന്നതിനാണ് വിനീത് സേനാപതിയിലെത്തിയത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് അഞ്ചരയോടെ സേനാപതി-അല്ലിയാങ്കൽ പാറയിലെ വാടകവീട്ടിൽ വിശ്രമിക്കുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. ഇയാളൊടൊപ്പം താമസിക്കുന്ന മറ്റൊരു തൊഴിലാളിയും സമീപവാസിയായ വീട്ടമ്മയും ചേർന്ന് ഉടൻ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉടുമ്പൻചോല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.