എരുമപ്പെട്ടി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വൈദ്യശാല ഉടമ മരിച്ചു. എരുമപ്പെട്ടി ചന്ദ്രകുമാർ ഫാർമസി ഉടമ കടങ്ങോട് ക്രിസ്ത്യൻ പള്ളിക്ക് സമീപം കരുവാടിയിൽ വീട്ടിൽ പരേതനായ കുമാരൻ വൈദ്യരുടെ മകൻ മോഹൻ കുമാറാണ് (57) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്ഷനുസമീപം മെയിൻ റോഡിലാണ് അപകടം. മോഹൻകുമാർ സഞ്ചരിച്ച ബൈക്കും വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മോഹൻകുമാറിനെ ആക്ട്സ് പ്രവർത്തകർ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പതിന്നൊന്നരയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സുജന. മക്കൾ: സ്നിമ (ഷാർജ), അനുഷ്. മരുമകൻ: സുമേഷ് (ഷാർജ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.