മങ്കര: പ്രശസ്ത വാദ്യകലാകാരൻ കല്ലൂർ അമ്പലപ്പടി വീട്ടിൽ രാമകൃഷ്ണൻ (65) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് അന്ത്യം. കല്ലൂർ അമ്പലപ്പടി ശങ്കരൻ-ലക്ഷ്മി ദമ്പതികളുടെ മകനായി ജനിച്ച രാമകൃഷ്ണൻ 1974ലാണ് വാദ്യകലാ രംഗത്തെത്തിയത്. ചെണ്ട, തിമില, ഇടക്ക എന്നിവയൊക്കെ അഭ്യസിക്കാറുണ്ട്. കല്ലൂർ നാരായണൻ കുട്ടിയുടെ ശിക്ഷണത്തിലാണ് ചെണ്ട, തിമില, വാദ്യ പഠനം എന്നിവ അഭ്യസിച്ചത്. അരനൂറ്റാണ്ടിനിടെ 500ലേറെ ശിഷ്യന്മാരെ വാർത്തെടുത്തിട്ടുണ്ട്. മാങ്കുറുശിയിൽ ചെറിയ തോതിലുള്ളകലാ ഉപാസന കേന്ദ്രവും ആരംഭിച്ചു. വാദ്യരംഗത്ത് പല പരീക്ഷണങ്ങളും നടത്തി. 2020ൽ കല്ലൂർ കലാസംസ്കാരിക സംഘടന വാദ്യ വിസ്മയ പുരസ്കാരം നൽകി ആദരിച്ചു. ഭാര്യ: സതീദേവി. മക്കൾ: മനോജ്, മഹേഷ്, വൈശാഖ്, മരുമകൾ: നിത്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മങ്കര കാളികാവ് ശ്മശാനത്തിൽ.