പാമ്പനാർ: കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പാമ്പനാർ ചിദംബരം എസ്റ്റേറ്റിൽനിന്ന് വിരമിച്ച റൈറ്റർ ചിന്നസ്വാമിയാണ് (68) മരിച്ചത്. സാരമായി പരിക്കേറ്റ ചിന്നസ്വാമിയുടെ ഭാര്യ സരസ്വതിയെ (63) പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവർ ആനന്ദ് (26) പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചിന്നസ്വാമിയും ഭാര്യ സരസ്വതിയും തെപ്പക്കുളത്തേക്ക് ചിദംബരം എസ്റ്റേറ്റിൽനിന്ന് ആനന്ദിന്റെ ഓട്ടോയിൽ പോകുകയായിരുന്നു. കൊടുവാക്കരണം-പാമ്പനാർ റോഡിൽനിന്ന് തിരിയുന്ന തെപ്പക്കുളം-പുതുവൽ റോഡിലെ കയറ്റം കയറാൻ ഓട്ടോ ബുദ്ധിമുട്ട് നേരിട്ടു. ഇരുവരെയും പുറത്തിറക്കി ആനന്ദ് ഓട്ടോ മുകളിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് ഓട്ടോ ചിന്നസ്വാമിയെയും സരസ്വതിയെയും ഇടിച്ചിട്ട ശേഷം മറിയുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചിന്നസ്വാമി മരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അയ്യപ്പരാജ് (മാലദ്വീപ്), പരേതനായ സുന്ദർരാജ്. മരുമക്കൾ: കീർത്തന, നവമണി.