ചെറുതോണി: മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. താഴെ പതിനാറാംകണ്ടം മൈലാങ്കൽ ജോസഫ് തോമസ് (വിൻസെന്റ് - 50) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ സമീപ പുരയിടത്തിലെ മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെയാണ് അപകടം. മറ്റൊരു മരത്തിലേക്ക് ഏണി മാറ്റിവെക്കുമ്പോൾ സമീപത്ത് താഴ്ന്നുകിടന്ന വൈദ്യുതികമ്പിയിൽ മേൽഭാഗം തട്ടിയാണ് അപകടമുണ്ടായത്. ഉടൻ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി ജില്ല ആശുപത്രി മോർച്ചറിയിൽ. മുരിക്കാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു. മുമ്പ് രാജമുടിയിൽ താമസിച്ചിരുന്ന വിൻസെന്റും കുടുംബവും മൂന്നുമാസം മുമ്പാണ് താഴെ പതിനാറാംകണ്ടത്ത് വാടക വീട്ടിലേക്ക് താമസം മാറിയത്. ഭാര്യ: ജൂലി. മക്കൾ: ആൻമരിയ, എൽസാമരിയ, എയ്ഞ്ചൽ മരിയ, ആന്റോ ജോസഫ്.