ചെറുതോണി: വയോധികയായ വീട്ടമ്മയെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്റെ ഭാര്യ ഗൗരിയാണ് (78) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭർത്താവ് രാജപ്പനാണ് മൃതദേഹം ആദ്യം കണ്ടത്. രാജപ്പന്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഗൗരിയെ ഉടൻ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗൗരിയുടെ മാലയും മോതിരവും വീട്ടില്‍ ഊരിവെച്ച നിലയിലാണ്. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ചൊവ്വാഴ്ച പൊലീസ് സർജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മക്കളായ ബാബു കളമശ്ശേരിയില്‍ എന്‍ജിനീയറും ബിന്ദു ചെന്നൈയിലുമാണ്. മരുമക്കള്‍: സുരേഷ്, ദിവ്യ.