വടശ്ശേരിക്കര: സ്കൂളിലേക്ക് വിടാൻ കൊച്ചുമകളെ കയറ്റി തിരിച്ചിറങ്ങവെ സ്വകാര്യ ബസിന്റെ ഫുട്ബോർഡിൽനിന്ന് കാൽവഴുതി വീണ് വയോധികൻ മരിച്ചു. മേലേടത്ത് മേലേതിൽ വീട്ടിൽ എം.പി. കമലാസനനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെരുനാട് അമ്പലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. പെരുനാട് ചന്തയിൽനിന്ന് മഠത്തുംമൂഴിയിലേക്ക് പോയ ഗ്രേസ് ബസിൽനിന്നാണ് വീണത്. കുട്ടിയെ ബസിൽ കയറ്റിയശേഷം തിരിച്ച് ഇറങ്ങുമ്പോൾ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം. അലക്ഷ്യമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടകരമായി വാഹനമോടിക്കുന്നതിന്റെ പേരിൽ വ്യാപക പരാതി ഈ ബസിലെ ജീവനക്കാർക്കെതിരെ ഉണ്ട്. ബസിൽ യാത്രക്കാരുമായി വാക്തർക്കവും പതിവാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.