ചെറുതോണി: വയോധികയെ വീടിനുസമീപം പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പെരിയാർവാലി പുത്തൻപുരയിൽ റോസിലിയാണ് (65) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സ്ഥലത്തെത്തിയ സമീപവാസിയാണ് റോസിലിയെ പറമ്പിൽ പൊള്ളലേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപം മാലിന്യം കത്തിച്ചതിന്റെ അടയാളമുണ്ട്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ അബദ്ധത്തിൽ തീ പടർന്നുപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഭർത്താവ് 12 വർഷം മുമ്പ് മരിച്ചിരുന്നു. അവിവാഹിതനായ മകനും റോസിലിയും മാത്രമായിരുന്നു വീട്ടിൽ താമസം. ഹോട്ടൽ ജീവനക്കാരനായ മകൻ പുലർച്ച ജോലിക്ക് പോയിരുന്നു. കഞ്ഞിക്കുഴി സി.ഐ സാം ജോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: സിബി, ഹണി, ഹെൻസി. മരുമക്കൾ: ജിജോ, അമൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.