കട്ടപ്പന: സൈക്കിൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടം കുന്നത്ത് പൗലോസ് മാത്യുവിന്റെ മകൾ ജോബീറ്റയാണ് (18) മരിച്ചത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ വീടിനുസമീപമാണ് അപകടം.ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സൈക്കിൾ മറിഞ്ഞതോടെ ജോബീറ്റ കല്ലിൽ തലയിടിച്ച് വീണു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിലെ പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന പൊലീസ് കേസെടുത്തു. സംസ്കാരം ചൊവ്വാഴ്ച 10.30ന് കാഞ്ചിയാർ പേഴുകണ്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: ജാൻസി. സഹോദരങ്ങൾ: ജോജി, ജോബി.