തിരുവല്ല: പേരക്കുട്ടിയെ സ്കൂളിലാക്കാൻ പോയ ചുമത്ര മോടിയിൽ വീട്ടിൽ രാജുവിന് (64) ട്രെയിൻ എൻജിൻ തട്ടി ദാരുണാന്ത്യം. കുട്ടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ ഓതറ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. മകളുടെ ഓതറയിലെ വീട്ടിൽ എത്തിയ രാജു പേരക്കുട്ടിയെ സ്കൂൾ ബസ് കയറ്റിവിടാനായി പോയതായിരുന്നു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസും മറുട്രാക്കിലൂടെ ട്രെയിന്റെ എൻജിനും എത്തി. പേരക്കുട്ടി ട്രാക്കിൽനിന്ന് ചാടി രക്ഷപ്പെട്ടു. രാജു എൻജിന് മുന്നിൽ അകപ്പെടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവല്ല പൊലീസ് നേതൃത്വത്തിൽ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.