ചെറുതോണി (ഇടുക്കി): സുഹൃത്തുക്കൾക്കൊപ്പം വീടിനുസമീപത്തെ മുരിക്കാശ്ശേരി കള്ളിപ്പാറ അമ്പലം ഭാഗത്ത് മല കയറിയ യുവാവ് പാറയുടെ മുകളിൽനിന്ന് കാൽവഴുതി അഗാധമായ കൊക്കയിൽ വീണ് മരിച്ചു. ഞായറാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. മുങ്ങാപ്പാറ സ്വദേശി തൃക്കേപുറം രാജപ്പന്റെ മകൻ ഹിരണാണ് (20) മരിച്ചത്. എറണാകുളത്ത് കാർ വർക്ക്ഷോപ്പിൽ ജോലിക്കാരനായ യുവാവ് ശനിയാഴ്ചയാണ് കൂടെ ജോലി ചെയ്യുന്ന എട്ടുപേർക്കൊപ്പം വീട്ടിലെത്തിയത്. ഇതിൽ മൂന്നുപേരോടൊപ്പമാണ് യുവാവ് പാറക്കെട്ടിന് മുകൾ ഭാഗത്തേക്ക് പോയത്. ഇതിനിടെ, കാൽവഴുതി അഗാധമായ കൊക്കയിൽ വീണു. കൂടെയുണ്ടായിരുന്ന യുവാക്കളാണ് വിവരം വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്.
ഇടുക്കിയിൽനിന്ന് അഗ്നിരക്ഷാസേനയും മുരിക്കാശ്ശേരി പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ 300 അടി ഉയരത്തിൽ എത്തിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സംഭവം രാത്രിയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. മാതാവ്: ബീന. സഹോദരൻ: ഹരിൺ.