റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലാങ്കമണ്‍ വട്ടമലയില്‍ വാടകക്ക് താമസിക്കുന്ന തീയാടിക്കല്‍ സ്വദേശി ചെളിക്കുഴിയില്‍ ബിജുവിന്റെ മകന് വിപിന്‍ ബിജുവാണ് (18) മരിച്ചത്. മല്ലപ്പള്ളിയിൽ ഐ.ടി.ഐക്ക് പഠിക്കുന്നു. ഞായറാഴ്ച ഉച്ചയോടെ കടവില്‍തന്നെ ചളിയില്‍ പുതഞ്ഞാണ് മൃതദേഹം കിട്ടിയത്.
ശനിയാഴ്ച വൈകീട്ട് ആറോടെ ഇടപ്പാവൂര്‍ പുത്തൂര്‍ കടവിലായിരുന്നു ഒഴുക്കിൽപെട്ടത്. പേരൂര്‍ച്ചാല്‍ പാലത്തിനുസമീപം ഇരുചക്ര വാഹനങ്ങൾ വെച്ചശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം നദിക്കരയിലൂടെ നടന്നാണ് പുത്തൂര്‍ കടവിൽ എത്തിയത്. റാന്നി അഗ്നിരക്ഷാസേനയും കോയിപ്രം പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. പത്തനംതിട്ടയിൽനിന്ന് മുങ്ങൽ വിദഗ്ധരും എത്തിയിരുന്നു. സംസ്കാരം ചൊവ്വാഴ്ച പറോട്ടിതടം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: ബിജോ, വിനീത.