തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വണ്ണപ്പുറം പുളിക്കത്തൊട്ടി തൊണ്ടിക്കാമറ്റത്തിൽ ബെന്നി മാത്യു (55) മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന ബെന്നിയുടെ സഹോദരന്റെ മകൻ പ്രിൻസിന് (27) പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് തൊടുപുഴക്ക് വന്ന ബസും വണ്ണപ്പുറം ഭാഗത്തേക്ക് പോയ ഓട്ടോയും ഞറുക്കുറ്റി-വണ്ടമറ്റം ബൈപാസിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും മുതലക്കോടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബെന്നി മരിച്ചു. പ്രിൻസ് ചികിത്സയിലാണ്. ബെന്നിയുടെ ഭാര്യ ബീന. മക്കൾ: ബിജോയ്, ബിനുമോൻ.