പന്തളം: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസും ബൈക്കും കൂട്ടിയിടിച്ച് അസം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. അസം ബോർഗാവ് ശാന്തിപുർ കോവർ ഹിരൺ ചരിഞ്ചിയ (29), അസം സിലാപത്തർ ജൻകല്യാൺചരി ഡാക്കാംചി വില്ലേജിൽ മോണ്ടു പുകൻ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45ന് മെഡിക്കൽ മിഷൻ ജങ്ഷന് സമീപമാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഹിരൺ ചരിഞ്ചിയയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മോണ്ടു പുകൻ ഞായറാഴ്ച പുലർച്ച മൂന്നിന് മരിച്ചു. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം ബിസ്മി ബേക്കറിയിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ 10 വർഷത്തിലേറെയായി ജോലി ചെയ്തുവരുന്നു. മൂന്നുമാസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയവരാണ്. രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിന് ബേക്കറി ഉടമ സലാമിന്റെ മകൻ സിയാദിന്റെ ഉടമസ്ഥതയിലെ ബൈക്കിലായിരുന്നു ഇരുവരും മെഡിക്കൽ മിഷൻ ജങ്ഷനിൽ എത്തിയത്. ഹിരൺ ചരിഞ്ചിയക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മോണ്ടു പുകൻ അവിവാഹിതനാണ്.