അടിമാലി: വിനോദ സഞ്ചാരത്തിനെത്തിയ ആൾ മാങ്കുളം പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽ വീണ് മരിച്ചു. കാലടി കാഞ്ഞൂര്‍ പാറപ്പുറം സ്വദേശി വെളുത്തേപ്പിള്ളി ജോഷിയാണ് (49) മരിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് കാല്‍വഴുതി കൊക്കയിൽ വീണാണ് അപകടം. ജോഷി ഉള്‍പ്പെടുന്ന ഒമ്പതംഗ സംഘമാണ് മാങ്കുളത്ത് എത്തിയത്. വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ വലിയ കൊക്കയാണ്. ജോഷി വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് ഈ ഭാഗത്തേക്ക് കാല് വഴുതി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയിൽ ഉൾപ്പെടെയുണ്ടായ ആഴത്തിലെ മുറിവാണ് മരണകാരണം. സമീപവാസികള്‍ ഉടൻ വെള്ളച്ചാട്ടത്തിന് അരികിലൂടെ കൊക്കയിലിറങ്ങി ശ്രമകരമായി ജോഷിയെ മുകളില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ. ജോഷി മലയാറ്റൂർ റോഡിലെ ആര്യവൈദ്യശാല ജീവനക്കാരനാണ്. ഭാര്യ: ബീന (ഐസ്ക്രീം ഫാക്ടറി ജീവനക്കാരി). മക്കൾ: അഭിനവ്, നവീൻ (വൈദികവിദ്യാർഥി, വയനാട്). സംസ്കാരം തിങ്കളാഴ്ച കാഞ്ഞൂർ പാറപ്പുറം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഏതാനും ദിവസം മുമ്പ് മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ പി.ജി വിദ്യാർഥി മുങ്ങിമരിച്ചിരുന്നു.