വാടാനപ്പള്ളി: സിനിമ പരസ്യകല സംവിധായകൻ സന്തോഷ് സത്യ (58) നിര്യാതനായി. ഗണേശമംഗലത്ത് സത്യൻ വഴിനടയ്ക്കലിന്റെ മകനാണ്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പദ്മരാജൻ, ഭരതൻ, ബാലുമഹേന്ദ്ര, വേണു നാഗവള്ളി എന്നിവരുടെ ചിത്രങ്ങൾക്ക് പരസ്യകല സംവിധാനം നിർവഹിച്ച സന്തോഷ് സത്യ ‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ പരസ്യകലാ രംഗത്തേയ്ക്ക് കടന്നുവന്നത്. സുഖമോദേവി, തൂവാനത്തുമ്പികൾ, അയിത്തം, കിഴക്കുണരും പക്ഷി എന്നിവയും അദ്ദേഹം കലാ വൈഭവം പ്രകടിപ്പിച്ച ശ്രദ്ധേയ സിനിമകളാണ്. 2010, 11 വർഷങ്ങളിൽ കേരള ഫിലിം ഓഡിയൻസ് കൗൺസിലിന്റെ ഏറ്റവും നല്ല പരസ്യചിത്ര സംവിധായകനുള്ള അവാർഡ് ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. മാതാവ്: ചന്ദ്രമതി. ഭാര്യ: ശിവരഞ്ജിനി. മകൻ: ശരൺ.